ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി വർഗീസ് തുടർ വിസ്താരം നടത്തിയാൽ കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നും അതിജീവിത ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെയാണ് കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതെന്നും ഇത് നിയമപരമല്ലെന്നും നടി ഹർജിയിൽ പറയുന്നു. കേസ് തീരുന്നതുവരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ ഏറ്റവും നിർണായക തെളിവായ നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളുടെ ഹാഷ് മൂല്യം കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയിട്ടും നടപടിയെടുക്കാൻ വിചാരണക്കോടതി തയ്യാറായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും നടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.





