പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന വിസ്മയം; മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

മലയാളികൾക്കിന്നും മമ്മൂട്ടി ഒരു അത്ഭുതമാണ്. അഭിനയത്തിന്‍റെ ആഴങ്ങൾ അളന്ന ഒരു പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്‍. മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടിക്ക് 71 വയസ്സ് തികയുകയാണ്. അഭിനയത്തോടുള്ള മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനിവേശവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ അതിശയിപ്പികൊണ്ടേയിരിക്കുകയാണ്.

മലയാളത്തിന്‍റെ തെക്ക് മുതൽ വടക്ക് വരെ എത്രയെത്ര മമ്മൂട്ടി കഥാപാത്രങ്ങൾ ജീവിച്ചിട്ടുണ്ട്. ശബ്ദവിന്യാസത്തിന്റെ അസാധാരണമായ ചുറുചുറുക്കിൽ കഥാപാത്രങ്ങൾ തലയുയർത്തി നിൽക്കുന്നു. ചതിയന്‍ ചന്തുവിന്‍റെ ശബ്ദത്തിലാണ് വടക്കൻ പാട്ടുകളിലെ കണ്ണീരും ചിരിയും വെറുപ്പും പകയുമെല്ലാം മലയാളി കേട്ടത്.

1921ലെ ഖാദറിന്റെ ക്ഷോഭ വിക്ഷോഭങ്ങളില്‍ തെളിഞ്ഞുകത്തിയത്രയും വഴക്കമുള്ള ഏറനാടന്‍ മൊഴികൾ ആയിരുന്നു. കോഴിക്കോടിന്‍റെ വടക്ക് സംസാരിക്കുന്ന ഭാഷയെ അഹമ്മദ് ഹാജി നെറികേടുകളുടെ തനിശബ്ദമാക്കി. അച്ചൂട്ടിയാകുമ്പോള്‍ മുക്കുവനായും, ചട്ടമ്പിനാട്ടില്‍ കന്നഡികനായും പ്രാഞ്ചിയേട്ടനിൽ തനി തൃശൂരുകാരനായും അദ്ദേഹം പകർന്നാടി.

Read Previous

‘പൊന്നിയിന്‍ സെല്‍വന്‍’ ട്രെയ്‌ലര്‍ വൈറലാകുന്നു

Read Next

ഇനി ബി.ഡി.എസും അഞ്ചര വർഷം; കരട് മാർഗനിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചു