ഷാജഹാന്‍വധം; പ്രതികള്‍ ബിജെപി അനുഭാവികളെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

പാലക്കാട്: സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ്. ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടുപേരും ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അറസ്റ്റിലായ നാല് പ്രതികളെയും പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പ്രതികളുടെ രാഷ്ട്രീയ ബന്ധം വ്യക്തമായി. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

വെള്ളിയാഴ്ച റിമാന്‍ഡിലായ നാലുപേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയിലും പ്രതികളുടെ ആര്‍.എസ്.എസ്-ബി.ജെ.പി. ബന്ധത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് പോലീസ് പറയുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ ഉന്നത ഗൂഢാലോചന അന്വേഷിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങണമെന്ന് പൊലീസ് കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊലപാതകത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) പ്രതികൾ ബി.ജെ.പിക്കാരാണെന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി രാഷ്ട്രീയ ബന്ധം സ്ഥിരീകരിച്ചിരുന്നില്ല. ഇത് അനിശ്ചിതത്വത്തിനും രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമായി.

അതിനിടെ, താന്‍ സി.പി.എം. അനുഭാവിയാണെന്ന് കേസിലെ മറ്റൊരു പ്രതിയായ എന്‍.ശിവരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ ഒന്നും രണ്ടും പ്രതികൾ ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. പോലീസ് മര്‍ദിച്ചെന്നും നടുവേദനയുണ്ടെന്നും എന്‍.ശിവരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ സഹോദരന്‍റെ പേരുപറയാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും ശിവരാജന്‍ പറഞ്ഞു. ആരോപണങ്ങൾ പോലീസ് നിഷേധിച്ചു.

Read Previous

സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു: മനീഷ് സിസോദിയ

Read Next

അയ്യപ്പന് വഴിപാടായി 107 പവന്റെ സ്വര്‍ണ മാല സമർപ്പിച്ച് ഭക്തന്‍