ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ഖത്തറിൽ ഓഗസ്റ്റ് മാസത്തേക്ക് ബാധകമായ ഇന്ധന വില പ്രഖ്യാപിച്ചു. ഖത്തർ എനർജി പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് 2022 ജൂലൈയിൽ നിലവിലുണ്ടായിരുന്ന വില ഓഗസ്റ്റിലും അതേപടി തുടരും.

ഓഗസ്റ്റിലും പ്രീമിയം പെട്രോളിന് ഉപഭോക്താക്കൾ 1.90 റിയാൽ നൽകണം. ഇത് ജൂലൈയിലേതിന് സമാനമാണ്. സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലും നൽകണം. ജൂലൈയിലെ അതേ വില തന്നെ. 2017 സെപ്റ്റംബർ മുതൽ അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയുടെ അടിസ്ഥാനത്തിൽ പ്രാദേശിക വിപണിയിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ക്രമീകരിക്കാൻ ഖത്തർ തീരുമാനിച്ചിരുന്നു. അതനുസരിച്ച്, എല്ലാ മാസവും തുടക്കത്തിൽ, അതത് മാസത്തെ ഇന്ധന വില ‘ഖത്തർ എനർജി’ പ്രഖ്യാപിക്കും. ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ പ്രീമിയം പെട്രോളിന്‍റെ വില 5 ദിർഹം കുറച്ചിരുന്നു. എന്നിരുന്നാലും, 2021 നവംബറിന് ശേഷം സൂപ്പർ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.

Read Previous

തുമ്പൂർമൂഴി പരിപാലന തൊഴിലാളികളെ അപമാനിക്കരുത്: ആര്യ രാജേന്ദ്രൻ

Read Next

മിസ്സിസ് ഇന്ത്യ വേൾഡ് ഫൈനലിൽ ആലപ്പുഴക്കാരി ഷെറിൻ