അധ്യക്ഷ തിരഞ്ഞെടുപ്പ്; പദവിയിലിരുന്ന് പക്ഷം പിടിച്ചത് തെറ്റായ സന്ദേശമെന്ന് എം.കെ.രാഘവൻ

കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പദവിയിലിരുന്ന് പക്ഷം പിടിച്ചവരുടെത് തെറ്റായ സന്ദേശമാണെന്ന് എം കെ രാഘവൻ എം പി. തരൂരിന് പ്രവർത്തന പരിചയമില്ലെന്ന വാദം പൊള്ളയാണ്. വി കെ കൃഷ്ണമേനോന് ശേഷം കേരളത്തിന്‍റെ അഭിമാനമാണ് തരൂർ. കേരളത്തിലെ നേതാക്കൾ എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും വോട്ട് തരൂരിന് തന്നെ നൽകുമെന്നും രാഘവൻ പറഞ്ഞു.

അതേസമയം, കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. എ.ഐ.സി.സിയിലും പി.സി.സിയിലുമായി 67 ബൂത്തുകളും ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്. 9308 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

ബാലറ്റ് പേപ്പറിൽ മല്ലികാർജുൻ ഖാർഗെയുടെ പേര് ഒന്നാമതും തരൂരിന്റെ പേര് രണ്ടാമതുമാണ്. ഖാർഗെ കർണാടകയിലും തരൂർ കേരളത്തിലും വോട്ട് രേഖപെടുത്തും. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികൾ ഡൽഹിയിൽ എത്തിക്കും. ബുധനാഴ്ച വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും. ആത്മവിശ്വാസമുണ്ടെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവർ തനിക്ക് വോട്ട് ചെയ്യുമെന്ന് തരൂർ വ്യക്തമാക്കി.

Read Previous

കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കായി ‘റോബോട്ടിക്സ്’ പ്രദർശനം സംഘടിപ്പിച്ചു

Read Next

ഇലന്തൂർ ഇരട്ടനരബലി കേസിൽ ഇന്നും തെളിവെടുപ്പ് തുടരും