കാക്കനാട്ടെ കൊലപാതകം ; തെളിവെടുപ്പിനായി അര്‍ഷാദിനെ പയ്യോളിയിലെത്തിച്ചു

പയ്യോളി: കൊച്ചി കാക്കനാട്ടെ ഫ്ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർഷാദിനെ (27) പൊലീസ് തെളിവെടുപ്പിനായി പയ്യോളിയിൽ എത്തിച്ചു. അർഷാദ് ജോലി ചെയ്തിരുന്ന കൊണ്ടോട്ടിയിലെ ജ്വല്ലറിയിൽ നിന്ന് നേരത്തെ മോഷ്ടിച്ച സ്വർണം പയ്യോളിയിലെ വ്യാപാരിക്ക് വിൽപ്പന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

കൊച്ചി ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച തെളിവെടുപ്പ് വൈകുന്നേരം വരെ തുടർന്നു. ജൂലൈ 14നാണ് മൂന്ന് പവൻ ആഭരണങ്ങളുമായി ബസ് സ്റ്റാൻഡിന് മുന്നിലെ ധനകാര്യ സ്ഥാപനത്തിലെത്തിയത്. ധനകാര്യ സ്ഥാപനക്കാർ അടുത്തുള്ള സ്വർണ്ണപ്പണിക്കാരനെ വിളിച്ച് ആഭരണങ്ങൾ പരിശോധിച്ചു, പക്ഷേ അർഷാദ് അത് അവിടെ പണയം വച്ചില്ല. പിന്നീട് ആ സ്വർണപ്പണിക്കാരന്‍റെ കടയിൽ പോയി അത് വിറ്റു. ഒരു ലക്ഷത്തി പതിനായിരം രൂപയും വാങ്ങി. സ്വർണ വ്യാപാരിയുടെ ഫോൺ ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ പണം ഉപയോഗിച്ചാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. മയക്കുമരുന്ന് ഇടപാടിനെച്ചൊല്ലി മലപ്പുറം വണ്ടൂർ സ്വദേശി അർഷാദും സജീവ് കൃഷ്ണയും തമ്മിലുണ്ടായ തർക്കമാണ് സജീവിന്‍റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Read Previous

ലൈറ്റ് മെട്രോകളുടെ നിർമ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്

Read Next

എച്ച് 145 ഹെലികോപ്റ്റർ സ്വന്തമാക്കി എം.എ യൂസഫലി