അപകടത്തിന് 5 സെക്കന്‍ഡ് മുമ്പുവരെ മിസ്ത്രിയുടെ വാഹനം 100 കി.മി സ്പീഡില്‍; മെഴ്‌സിഡസ് അന്വേഷണ റിപ്പോർട്ട്

മുംബൈ: ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ മെഴ്സിഡസ് തങ്ങളുടെ അന്വേഷണ റിപ്പോർട്ട് പാൽഘർ പൊലീസിന് കൈമാറി. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വരെ അദ്ദേഹം സഞ്ചരിച്ചിരുന്ന ബെൻസ് കാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലായിരുന്നു എന്നാണ് കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നത്. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസും പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്.

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന മിസ്ത്രിയും മറ്റ് മൂന്ന് പേരും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് അനഹിത പാണ്ഡോല ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറിന്‍റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന മിസ്ത്രി, അനഹിതയുടെ ഭർതൃ സഹോദരൻ ജഹാംഗീർ പാണ്ഡോല എന്നിവരാണ് മരിച്ചത്. മുൻസീറ്റിലുണ്ടായിരുന്ന അനഹിതയും ഭർത്താവ് ഡാരിയസ് പാണ്ഡോലയും പരിക്കേറ്റ് ചികിത്സയിലാണ്.

അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്‍റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായിരുന്നുവെന്ന് മെഴ്സിഡസ് ബെൻസ് റിപ്പോർട്ടിൽ പറയുന്നു. അനഹിത ബ്രേക്ക് പ്രയോഗിച്ചതോടെ വേഗത മണിക്കൂറിൽ 89 കിലോമീറ്ററായി കുറഞ്ഞു. ഈ സമയത്താണ് കൂട്ടിയിടി നടന്നത്.

Read Previous

ഡൽഹിയിൽ പോയത് രാഷ്ട്രീയ ചർച്ചകൾക്കോ? ബസന്ത് സോറന്റെ മറുപടി വിവാദത്തിൽ

Read Next

ചുവപ്പണിഞ്ഞ് മുഖ്യമന്ത്രിയുടെ കുടുംബം; ഓണച്ചിത്രം പങ്കുവച്ച് റിയാസ്