മല്ലികാർജുൻ ഖാർഗെ കോണ്‍ഗ്രസ് അധ്യക്ഷനായി നാളെ ചുമതലയേല്‍ക്കും

ന്യൂ ഡൽഹി: മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷനായി നാളെ ചുമതലയേൽക്കും. രാവിലെ 10.30ന് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അദ്ദേഹം സോണിയാ ഗാന്ധിയിൽ നിന്നാണ് ചുമതലയേൽക്കുക. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദന്‍ മിസ്ത്രി ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പിൽ വിജയിച്ചതിൻ്റെ സർട്ടിഫിക്കറ്റ് സമ്മാനിക്കും. ‘ഭാരത് ജോഡോ യാത്ര’ക്ക് അവധി നൽകി രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, പിസിസി പ്രസിഡന്‍റുമാർ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം പിന്നാലെ ചേരും. പ്രസിഡന്‍റായി ചുമതലയേൽക്കുന്ന ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്.

ദീപാവലി പ്രമാണിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക അവധി നൽകിയിട്ടുണ്ട്. നാളെ ഖാർഗെയുടെ അധികാരമേൽക്കൽ ചടങ്ങിനും ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനും ശേഷം ഒക്ടോബർ 27നു
തെലങ്കാനയിൽ നിന്ന് യാത്ര പുനരാരംഭിക്കുമെന്ന് ജയറാം രമേശ് പറഞ്ഞു. 

തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ശശി തരൂരിനെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നേക്കുമെന്നാണ് സൂചന. നിയുക്ത പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ ഇക്കാര്യത്തിൽ ഗാന്ധി കുടുംബവുമായി ചർച്ച നടത്തിയേക്കും. 

Read Previous

ഉക്കടത്ത് കാർ ബോംബ് സ്ഫോടനം; അന്വേഷണ സംഘം കേരളത്തിൽ

Read Next

നിർബന്ധിച്ച് അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചു; പരാതിയുമായി യുവതി