സ്വിഫ്റ്റിന് 110 കി മീ വേഗത്തിൽ ഓടാൻ ഒത്താശ ചെയ്ത് കെഎസ്ആർടിസി

കേരളത്തിലെ സംസ്ഥാന പാതകളിലും ദേശീയപാതകളിലും ഹെവി പാസഞ്ചർ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 65 കിലോമീറ്ററും നാലുവരി പാതകളിൽ പരമാവധി 70 കിലോമീറ്ററും ആയി നിയന്ത്രിക്കുന്ന മോട്ടോർ വാഹന നിയമം പ്രാബല്യത്തില്‍ ഉള്ളപ്പോള്‍ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസായ സ്വിഫ്റ്റ് ബസിന് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ഓടാൻ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സ്പെഷ്യൽ ഓഫീസറാണ് നിർദേശം ഇറക്കിയിരിക്കുന്നത്.

സ്വിഫ്റ്റ് ബസുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജൂലൈയിൽ പുറത്തിറക്കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സർവീസുകളുടെ ഷെഡ്യൂൾ സമയം സ്റ്റേഷനിലും ബസുകളിലും പ്രദർശിപ്പിക്കാനും ബസുകളുടെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററായി ഉയർത്താനും ഇടയ്ക്കുള്ള ടെർമിനൽ വിടവ് വർധിപ്പിക്കാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകൾ എല്ലാ യൂണിറ്റുകളിലും ലഭ്യമാക്കി കുറ്റമറ്റ പ്രവർത്തനം നടത്താൻ സ്പെഷ്യൽ ഓഫീസർ നടപടി സ്വീകരിക്കണം എന്നാണ് നിര്‍ദേശം.

ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് നിർദ്ദേശം മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സി നിർദ്ദേശം നൽകിയത്. ദീർഘദൂര, അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടുന്ന സ്വിഫ്റ്റ് ബസുകൾ നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ഇത്രയും വേഗത്തിൽ യാത്ര ചെയ്യേണ്ടിവരുമെന്ന വിലയിരുത്തലിനെ തുടർന്നാണ് വേഗപരിധി വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം നൽകിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.

Read Previous

കളക്ടറെയും സബ് കളക്ടറെയും പാര്‍ട്ടിയുടെ ശക്തി ബോധ്യപ്പെടുത്തും: എം.എം മണി

Read Next

ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെതിരെ മേജർ പെനൽറ്റി നടപടികൾ തുടങ്ങും: കെഎസ്ആർടിസി