കോടിയേരി കേരള രാഷ്ട്രീയത്തിലെ നിസ്വാർത്ഥ സേവകനായിരുന്നുവെന്ന് എം.എ.യൂസഫലി

അബുദാബി: കേരള രാഷ്ട്രീയത്തിലെ നിസ്വാർത്ഥ സേവകനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. വളരെ വേദനയോടും ദുഃഖത്തോടെയുമാണ് അദ്ദേഹത്തിന്‍റെ നിര്യാണം ശ്രവിച്ചത്. നിയമസഭാംഗം, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനം വളരെ ശ്രദ്ധേയമായിരുന്നുവെന്നും യൂസഫലി പറഞ്ഞു.

‘അദ്ദേഹവുമായി ദീര്‍ഘകാലമായുള്ള സഹോദര ബന്ധവും കുടുംബ ബന്ധവുമായിരുന്നു ഉണ്ടായിരുന്നത്. ഈ അവസരത്തിൽ രണ്ടു മാസം മുമ്പ് തിരുവനന്തപുരത്ത് വച്ച് അദ്ദേഹവുമായി സംസാരിച്ചത് ഞാൻ ഓർക്കുന്നു. അദ്ദേഹം സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അബുദാബി പോലീസ് ആസ്ഥാനം സന്ദർശിച്ചതും അവരുമായി ചേർന്ന് സംയുക്ത പ്രവർത്തനങ്ങൾ ആരംഭിച്ചതും ഞാൻ ഓർക്കുന്നു’ യൂസഫലി അനുശോചന കുറിപ്പിൽ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർബുദ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. പാൻക്രിയാറ്റിക് കാൻസർ മൂർച്ഛിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ച അദ്ദേഹത്തെ ഓഗസ്റ്റ് 29നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Previous

വയോജനങ്ങൾക്ക് പരിഗണന സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് മന്ത്രി പി.രാജീവ്

Read Next

കോടിയേരിക്കെതിരെ അധിക്ഷേപകരമായ രീതിയിൽ പോസ്റ്റ്; മുല്ലപ്പള്ളിയുടെ മുൻ ഗൺമാനെതിരെ പരാതി