മമ്മൂട്ടിക്കൊപ്പം ജ്യോതിക; ജിയോ ബേബി ചിത്രം ‘കാതല്‍’ വരുന്നു

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ‘കാതല്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ജ്യോതികയാണ്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതികയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ചിത്രം. ജ്യോതികയുടെ ജന്മദിനത്തിൽ ടൈറ്റിൽ പോസ്റ്റർ സഹിതമാണ് ചിത്രം പ്രഖ്യാപിച്ചത്.

ഒരു പഴയ ആൽബത്തിൽ നിന്നുള്ള ഇരുവരുടെയും പഴയ ഫോട്ടോ എന്ന രീതിയിലാണ് മനോഹരമായ പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആന്‍റണി സ്റ്റീഫനാണ് പോസ്റ്റർ ഡിസൈനർ. തിയേറ്ററുകളിൽ ഏറെ ശ്രദ്ധ നേടിയ ‘റോഷാക്കിനു’ ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രമാണിത്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ആയിരുന്നു ആദ്യ ചിത്രം. വരാനിരിക്കുന്ന ഐഎഫ്എഫ്കെയിൽ ഇത് പ്രദർശിപ്പിക്കും. അതേസമയം, ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് ‘കാതൽ’. ദുൽഖർ സൽമാന്‍റെ വേഫെറെർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Read Previous

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം നല്‍കിത്തുടങ്ങി

Read Next

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി; മതിയായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി