പനി ബാധിച്ച പെണ്‍കുട്ടിക്ക് മന്ത്രവാദചികിത്സ: നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയിലെത്തിച്ചു

വാണിമേല്‍: പനി ബാധിച്ച തമിഴ്നാട് സ്വദേശിനിയായ 16 വയസുകാരിയെ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയാക്കിയെന്ന് ആരോപണം. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പ്രത്യേക പരിഗണന ആവശ്യമുള്ള പെൺകുട്ടിയെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കയം രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന പെൺകുട്ടിക്കാണ് പനി ബാധിച്ചത്.

ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന തമിഴ് കുടുംബത്തിലെ അംഗമാണ് പെൺകുട്ടി. ശരീരത്തിൽ ബാധ കൂടി ഉണ്ടായ ഭയം മൂലമാണ് പനി ഉണ്ടായതെന്നാണ് മാതാപിതാക്കളുടെ അവകാശവാദം. ഇതേതുടർന്ന് ബന്ധുക്കളുടെ നേതൃത്വത്തിൽ വീട്ടിൽ പ്രത്യേക മന്ത്രവാദചികിത്സ നടത്തി. കോളനിയിലെ വീടുകൾ വളരെ അടുത്തായതിനാൽ സമീപത്തെ കുടുംബങ്ങൾക്ക് മന്ത്രവാദ ചികിത്സ നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. പനി ഒഴിവാക്കാനാണ് മന്ത്രവാദ ചികിത്സ നടത്തുന്നതെന്ന് കുടുംബം അയൽവാസികളോട് പറഞ്ഞു. അയൽവാസികളിൽ നിന്നാണ് നാട്ടുകാർ വിവരം അറിഞ്ഞത്.

ഇതേതുടർന്ന് തൂണേരി മുൻ ബ്ലോക്ക് പ്രസിഡന്‍റ് എൻ.പി ദേവി, ഗ്രാമപ്പഞ്ചായത്തംഗം മിനി, അങ്കണവാടി അധ്യാപിക ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ കോളനിയിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഇതേതുടർന്ന് വളയം ഗവ. ആശുപത്രിയിലും പിന്നീട് നാദാപുരം ഗവൺമെന്‍റ് ആശുപത്രിയിലും ആശുപത്രിയിലും ചികിത്സ തേടുകയും ചെയ്തു. പെൺകുട്ടിക്ക് പനിയും മൂത്രത്തിൽ പഴുപ്പും ഉണ്ടായിരുന്നു.

Read Previous

ഗോകുലം വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ ആക്രമണം

Read Next

കര്‍ഷക സമരത്തിന്റെ രണ്ടാം വാര്‍ഷികം: നവംബർ 26ന് രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടത്തും