അപകടകരമായ ഓവര്‍ടേക്കിങ്; റോഡില്‍ ബസ് തടഞ്ഞ് സ്‌കൂട്ടര്‍ യാത്രക്കാരി

പാലക്കാട്: കൂറ്റനാടിനടുത്ത് പെരുമണ്ണൂരിൽ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്‌തെന്ന് ആരോപിച്ച് യുവതി ബസ് തടഞ്ഞു. സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യ ബസ് തടഞ്ഞുനിർത്തി പ്രതിഷേധിച്ചത്.

പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന ‘രാജപ്രഭ’ ബസിനെതിരെയായിരുന്നു യുവതിയുടെ പ്രതിഷേധം. ഓവർടേക്കിംഗിനിടെ ബസ് തന്‍റെ സ്കൂട്ടറിൽ ഇടിക്കാൻ പോയെന്നും അപകടകരമായ രീതിയിലാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതെന്നും യുവതി പറയുന്നു. പിന്നീട് മറ്റൊരു സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ യുവതി സ്കൂട്ടർ മുന്നിൽ നിർത്തി ബസ് തടഞ്ഞു. തുടർന്ന് പ്രതിഷേധം ജീവനക്കാരെ അറിയിക്കുകയും ചെയ്തു.

അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് സാന്ദ്ര പറയുന്നു. തന്നോട് സംസാരിക്കുന്നതിനിടെയും ബസ് ഡ്രൈവറുടെ ചെവിയിൽ ഇയർഫോൺ ഉണ്ടായിരുന്നതായും യുവതി പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Read Previous

എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Read Next

വർക്ക് പെർമിറ്റ് റദ്ദാക്കൽ ഫോമിൽ വിരലടയാളം നിർബന്ധമാക്കി കുവൈറ്റ്