ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: കാസർകോട് ജില്ലയിൽ സഞ്ചരിക്കാൻ കോവിഡില്ലാ സർട്ടിഫിക്കറ്റ് വേണമെന്ന വിചിത്ര ഉത്തരവില്‍ ഇടപെട്ട് റവന്യു മന്ത്രി. സംഭവം വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. ഉത്തരവിലെ ആശയക്കുഴപ്പം തീർക്കാൻ റവന്യു സെക്രട്ടറിക്ക് നിർദ്ദേശം നല്‍കി. കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ മാറ്റം വരുത്താനും മന്ത്രി നിർദ്ദേശിച്ചു.
മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ അങ്ങനെയൊന്നുമല്ല പറഞ്ഞതെന്ന കളക്ടറുടെ തിരുത്തുമെത്തി. പുതിയ പത്രക്കുറുപ്പിറക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയിലെ പ്രധാന നഗരങ്ങളിൽ പ്രവേശിക്കാന്‍ ശനിയാഴ്ച്ച മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കിക്കൊണ്ടാണ് കളക്ടറുടെ ഉത്തരവ്. ജില്ലക്കകത്ത് സഞ്ചരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു നിർദ്ദേശം. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കേരളത്തിൽ എവിടെയും ഇല്ലാത്ത തീരുമാനമാണ് ഇതെന്നും തുഗ്ലക്ക് പരിഷ്ക്കാരമെന്നുമായിരുന്നു നാലുഭാഗത്തുമുള്ള വിമർശനം.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പ്രതികരിച്ചു. ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ച ചെയ്യുമെന്നും ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും എംഎല്‍എ അറിയിച്ചു. അതേസമയം, ജില്ലയിൽ രോഗവ്യാപനം ഉയരുകയാണ്. അവസാനം പുറത്തുവന്ന കണക്ക് പ്രകാരം 4062 കോവിഡ് രോഗികളാണ് ജില്ലയിലുള്ളത്. നാല് ആശുപത്രികളിലായി 176 കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. ആറ് ഐസിയു കിടക്കകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇന്ന് 53 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടക്കും, വാക്സീൻ ക്ഷാമം ഇല്ല. നിലവിൽ ജില്ലയിൽ എവിടെയും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുമില്ല.





