കർണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്ററുമായി കോൺഗ്രസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ‘പേസിഎം’ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ്. ക്യൂ.ആർ കോഡ് ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിന്, ’40 percent Sarkara’ എന്ന വെബ്സൈറ്റിലേക്കാണ് പോകുക. കർണാടകയിലെ ബിജെപി സർക്കാരിനെതിരെ ഉയർന്ന 40 ശതമാനം കമ്മിഷൻ വിവാദത്തിന് പിന്നാലെ കോൺഗ്രസ് ആരംഭിച്ച ക്യാമ്പയിനാണ് ഇത്. ജനങ്ങൾക്ക് സർക്കാരിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ രേഖപ്പെടുത്താനുള്ള സംവിധാനം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

സർക്കാർ പ്രവൃത്തികളിൽ തുകയുടെ 40 ശതമാനം കമ്മിഷൻ മന്ത്രിമാർക്കും എം.എൽ.എമാർക്കും നൽകേണ്ടിവരുന്നുവെന്ന കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ (കെ.എസ്.സി.എ.) ആരോപണം കോൺഗ്രസ് ഏറ്റെടുത്തിരുന്നു. കരാറുകാർ 40 ശതമാനം കമ്മിഷൻ നൽകാൻ നിർബന്ധിതരാകുന്നുവെന്ന കെ.എസ്.സി.എ പ്രസിഡന്റ് ഡി കെംബണ്ണയുടെ പരാതിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സർക്കാരിനെതിരെ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തെത്തിയത്.

Read Previous

അച്ഛനെയും മകളെയും മർദിച്ച സംഭവം; പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി

Read Next

വിഴിഞ്ഞം സമര സമിതി നേതാക്കളുമായി ഗവർണർ രാജ്ഭവനില്‍ ചര്‍ച്ചയിൽ