മാഗ്സസെ അവാര്‍ഡ് നല്‍കി ശൈലജയെ അപമാനിക്കാന്‍ ശ്രമം, വാങ്ങേണ്ട എന്നത് പാര്‍ട്ടി നിലപാട്: ഗോവിന്ദന്‍

തിരുവനന്തപുരം: മാർക്സിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തിന് മാഗ്സസെയുടെ പേരിൽ അവാർഡ് നൽകി അപമാനിക്കാൻ ശ്രമം നടന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തനിക്ക് ലഭിച്ച മാഗ്സസെ പുരസ്കാരം നിരസിക്കാൻ തീരുമാനിച്ചതായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. പാർട്ടിയുമായി കൂടിയാലോചിച്ചാണ് അവാർഡ് നിരസിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. ഇക്കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി.

“മാഗ്സസെ ആരാണെന്ന് ഞങ്ങൾക്ക് നല്ല ധാരണയുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിലെയും നൂറുകണക്കിന് അണികളെ ശക്തമായി അടിച്ചമർത്തിയ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധരിൽ ഒരാളായ മാഗ്സസെയുടെ പേരിൽ ഒരു അവാർഡ് നൽകി കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗത്തെ അപമാനിക്കാൻ ശ്രമിക്കരുത്. അതുകൊണ്ടാണ് ആ പുരസ്കാരം സ്വീകരിക്കുന്നത് ശരിയല്ലെന്ന നിലപാട് പാർട്ടി സ്വീകരിച്ചത്. അത് കൃത്യമായി മനസ്സിലാക്കി കെ.കെ. ശൈലജ നിലപാട് സ്വീകരിച്ചു’, ഗോവിന്ദന്‍ പറഞ്ഞു.

നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് മാഗ്സസെ അവാർഡ് കമ്മിറ്റി അറിയിച്ചു. എന്നാൽ പുരസ്കാരം സ്വീകരിക്കാൻ കഴിയില്ലെന്ന് ശൈലജ മാഗ്സസെ ഫൗണ്ടേഷനെ അറിയിച്ചു.

Read Previous

2021ല്‍ രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത് 1.55 ലക്ഷം പേർ

Read Next

ബലാത്സംഗ പരാതിയിൽ പൊലീസ് നടപടി എടുത്തില്ല ; ഇര സ്വയം തീകൊളുത്തി