എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകന് കേസുമായി ബന്ധമില്ലെന്ന് വി ടി ബൽറാം

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി വി ടി ബൽറാം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും കസ്റ്റഡിയെ സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ജിതിൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും തള്ളിപ്പറയില്ലെന്നും വി ടി ബൽറാം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നാല് തവണ ജിതിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബൽറാം പിന്നീട് വിട്ടയച്ചതായിരുന്നുവെന്നും ഇപ്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് വീണ്ടും കസ്റ്റഡിയിൽ എടുത്തതെന്നും ആരോപിച്ചു.

എകെജി സെന്‍റർ ആക്രമണവുമായി ജിതിന് യാതൊരു ബന്ധവുമില്ല. എ.കെ.ജി സെന്‍ററിൽ ഡിയോ വാഹനത്തിലാണ് അക്രമി എത്തിയതെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡിയോ സ്കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബൽറാം പറഞ്ഞു. 

Read Previous

എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ പിടിയിൽ

Read Next

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്ത്