അങ്കിത ഭണ്ഡാരി കൊലപാതകം; കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകും

ഡെഹ്‌റാഡൂണ്‍: സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 19 കാരി അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിൽ വിചാരണ ഫാസ്റ്റ്ട്രാക് കോടതിയിൽ നടത്താൻ ശ്രമിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുൻ ബി.ജെ.പി നേതാവിന്‍റെ മകനും ഹോട്ടൽ ഉടമയുമായ പുൽകിത് ആര്യ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. സംഭവത്തിൽ പ്രകോപിതരായ ജനക്കൂട്ടം റിസോർട്ട് തകർക്കുകയും തീയിടുകയും ചെയ്തു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശപ്രകാരം ബുൾഡോസർ ഉപയോഗിച്ച് റിസോർട്ട് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. റിസപ്ഷനിസ്റ്റായ അങ്കിതയെ പുൽകിത് ആര്യയും മറ്റ് രണ്ട് പേരും ചേർന്ന് കനാലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. അങ്കിതയുടെ മൃതദേഹം കനാലിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

Read Previous

അനാരോഗ്യ ഇടപെടല്‍; ഹെൽത്ത് ഡയറക്ടര്‍ സ്വയം വിരമിക്കുന്നു

Read Next

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി