സൈനികരെ അധിക്ഷേപിച്ചെന്ന കേസിൽ സംവിധായിക ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറന്റ്

ബെഗുസാരായി: എക്സ് എക്സ് എക്സ്(സീസൺ 2) എന്ന വെബ് സീരീസിൽ സൈനികരെ അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ സംവിധായകയും നിർമ്മാതാവുമായ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനുമെതിരെ ബിഹാറിലെ ബെഗുസാരായി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

വിമുക്തഭടനും ബെഗുസാരായി സ്വദേശിയുമായ ശംഭു കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡ്ജി വികാസ് കുമാറിന്‍റെ നടപടി. 2020 ൽ നൽകിയ പരാതിയിൽ, എക്സ് എക്സ് എക്സ് (സീസൺ -2) എന്ന വെബ് സീരീസിൽ ഒരു സൈനികന്‍റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ശംഭു കുമാർ ആരോപിച്ചിരുന്നു.

ഏക്താ കപൂറിന്‍റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ എഎൽടി ബാലാജിയിലാണ് സീരീസ് സംപ്രേഷണം ചെയ്തത്. ശോഭ കപൂറിന് ബാലാജി ടെലിഫിലിംസുമായി ബന്ധമുണ്ട്. ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി ഇരുവർക്കും സമൻസ് അയച്ചിരുന്നു. സീരീസിലെ ചില രംഗങ്ങൾ നീക്കം ചെയ്തെന്ന് ഇരുവരും കോടതിയെ അറിയിച്ചു. എന്നാൽ കോടതിയിൽ ഹാജരായില്ല. തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

Read Previous

എകെജി സെന്റർ ആക്രമണം; ജിതിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

Read Next

നടിമാർക്കെതിരായ ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി അജു വർ​ഗീസ്