നടിയെ ആക്രമിച്ച കേസിൽ വിധി പറയാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടുള്ള വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന്‍റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആറ് മാസം കൂടി സമയം വെണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്‍റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും.

കേസിൽ ഒരു തവണ വിസ്തരിക്കപ്പെട്ടവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നാണ് ദിലീപിന്‍റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ തടസം നില്‍ക്കുന്നു. മുൻ ഭാര്യയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമാണ് തന്നെ കേസിൽ കുടുക്കിയതെന്നും ദിലീപ് അപേക്ഷയിൽ ആരോപിക്കുന്നു.

നിലവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡി.ജി.പി റാങ്കിലാണെന്നും തനിക്കെതിരെ തുടർച്ചയായ ഗൂഡാലോചന നടക്കുന്നുണ്ടെന്നും ദിലീപ് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Read Previous

തുടർ പഠനം ; ഉക്രെയ്നിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികളുടെ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

Read Next

ഇറക്കുമതി കുതിച്ചുയർന്നു; ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ്