മുഖ്യമന്ത്രിക്കെതിരാണ് ഉത്തരവെങ്കില്‍ സഭയില്‍ വെച്ച് തീരുമാനം; ലോകായുക്തയില്‍ സി.പി.എം-സി.പി.ഐ ധാരണ

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ സി.പി.എം-സി.പി.ഐ ധാരണ. പതിനാലാം വകുപ്പിലെ ഭേദഗതി സംബന്ധിച്ച് സി.പി.ഐയുടെ നിര്‍ദേശങ്ങള്‍ സി.പി.എം അംഗീകരിച്ചു. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരെങ്കില്‍ സഭയില്‍ വെച്ച് തീരുമാനം എടുക്കണമെന്നതാണ് പ്രധാന തിരുത്ത്. ഉത്തരവ് മറ്റു മന്ത്രിമാര്‍ക്ക് എതിരെങ്കില്‍ മുഖ്യമന്ത്രിക്ക് പരിശോധിച്ച് തീരുമാനം എടുക്കാം. ഇതോടെ ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട മുന്നണിയിലെ പ്രശ്‌നങ്ങളില്‍ ധാരണ ആയിരിക്കുകയാണ്.

ഞായറാഴ്ച നടന്ന സി.പി.ഐ-സി.പി.എം. ചര്‍ച്ചയില്‍ രണ്ട് പ്രധാന നിര്‍ദേശങ്ങളാണ് സി.പി.ഐ. മുന്നോട്ടുവെച്ചത്. ഒന്നുകില്‍ മോഡല്‍ ലോക്പാല്‍ നിയമത്തിന്റെ മാതൃകയില്‍ പതിനാലാം വകുപ്പ് ഭേദഗതി ചെയ്യാം. അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരായ ഉത്തരവാണ് ലോകായുക്തയില്‍ നിന്നുണ്ടാകുന്നതെങ്കില്‍, അത് സഭയുടെ മുന്നിൽ വെക്കണം. സഭാനേതാവായ മുഖ്യമന്ത്രിക്കെതിരായ ഉത്തരവ് സഭ തന്നെ ചര്‍ച്ച ചെയ്യട്ടേ എന്നായിരുന്നു സി.പി.ഐ. നിര്‍ദേശം. ഇനി മന്ത്രിമാര്‍ക്കെതിരായ ഉത്തരവാണെങ്കില്‍ അത് മുഖ്യമന്ത്രിക്ക് പരിശോധിച്ച് തീര്‍പ്പാക്കാം. ഈ രണ്ടു നിര്‍ദേശങ്ങളാണ് സി.പി.ഐ. മുന്നോട്ടുവെച്ചത്. ഇതില്‍ സഭയില്‍വെച്ച് പരിശോധിക്കാമെന്ന നിര്‍ദേശമാണ് സി.പി.എം അംഗീകരിച്ചത്. ഇത് ഔദ്യോഗിക ഭേദഗതിയായി തന്നെ കൊണ്ടുവരാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.

മന്ത്രിമാർക്കെതിരെ പരാമർശം ഉണ്ടായാൽ അത് പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ആയിരിക്കും. ഈ നിർദേശങ്ങൾ ഔദ്യോഗിക ഭേദഗതിയായി ബില്ലിൽ ഉൾപ്പെടുത്തും. ചൊവ്വാഴ്ച സഭയിൽ അവതരിപ്പിക്കുന്ന ബില്ല് സബ്ജക്ട് കമ്മിറ്റി പരിശോധിച്ച ശേഷം തിരിച്ചെത്തുമ്പോൾ ആകും ഈ മാറ്റം ഉൾപ്പെടുത്തുക. ദേഭഗതി നിർദേശങ്ങൾ പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തി.

Read Previous

വിഡിയോ എടുക്കാൻ പാമ്പിനെ പിടികൂടി കഴുത്തിൽ ചുറ്റി പ്രദർശനം; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

Read Next

നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ ജെഡിയു