മദേഴ്സ് ആശുപത്രി ഒഴിയാനാവശ്യപ്പെട്ട് നടത്തിപ്പുകാർക്ക് വക്കീൽ നോട്ടീസ്

കാഞ്ഞങ്ങാട്: മദേഴ്സ് ആശുപത്രി നടത്തിപ്പുകാരോട് കെട്ടിടത്തിൽ നിന്ന് ഒഴിയാനാവശ്യപ്പെട്ട് കെട്ടിട ഉടമയുടെ വക്കീൽ നോട്ടീസയച്ചു. കെട്ടിടത്തിന്റെ ഉടമയും കാഞ്ഞങ്ങാട്ടെ ഡോ: തിഡിൽ അബ്ദുൾ ഖാദറിന്റെ മകളുമായ ടി. കെ. സഫ്രീനയാണ് മദേഴ്സ് ആശുപത്രി  നടത്തിപ്പുകാരൻ തലശ്ശേരി പിണറായി സ്വദേശി പത്മരാജനോട്  ഒരു മാസത്തിനുള്ളിൽ ആശുപത്രി ഒഴിയാനാവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ചത്.

ആശുപത്രി നടത്തിപ്പുകാരനായ പിണറായി താഴത്താൻകണ്ടി ഹൗസിൽ ഏ. പ്രേമരാജൻ, അജാനൂർ  മഡിയൻ മൈസൂർ വില്ലയിൽ  തായൽ അബൂബക്കർ ഹാജി എന്നിവർക്കെതിരെയാണ് സഫ്രീന വക്കീൽ നോട്ടീസയച്ചത്. നടത്തിപ്പിനായി വിട്ടുകൊടുത്ത ആശുപത്രിയിൽ കരാർ നിബന്ധനകൾ ലംഘിച്ച് പ്രവർത്തിച്ചതായും, കെട്ടിടത്തിൽ രൂപമാറ്റം വരുത്തിയതായും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. വാടകയിനത്തിൽ 42.25 ലക്ഷം രൂപയും, വൈദ്യുതി ബിൽ  ഇനത്തിൽ 7,14,864 രൂപയും പത്മരാജൻ  കുടിശ്ശിക വരുത്തിയതായി വക്കീൽ നോട്ടീസിൽ പറയുന്നു.

കെട്ടിടത്തിന് രൂപമാറ്റം വരുത്തിയതിനാൽ 25 ലക്ഷം രൂപ നഷ്ടമുണ്ടായതായും  സഫ്രീന ആരോപിക്കുന്നു. ആശുപത്രിയിലെ ഐസിയു സംവിധാനം പ്രവർത്തനരഹിതമാക്കിയതിനാൽ നഷ്ടമുണ്ടായതായും ആശുപത്രിയിലെ ലക്ഷങ്ങൾ വിലവരുന്ന കമ്പ്യൂട്ടർ ഉപകരണങ്ങൾ പത്മരാജൻ  ഉപയോഗ ശ്യൂന്യമാക്കിയതായും നോട്ടീസ്സിൽ  ആരോപിക്കുന്നു.

വക്കീൽ നോട്ടീസിൽ പരാമർശിച്ച രണ്ടാം കക്ഷിയായ തായൽ അബൂബക്കർ ഹാജിയുമായി ഒത്ത് ചേർന്ന് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതായും ആശുപത്രി നടത്തിപ്പുകാരനായ പ്രേമരാജനെതിരെ ആരോപണമുണ്ട്. വക്കീൽ നോട്ടീസ് ലഭിച്ച് ഒരു മാസത്തിനകം കെട്ടിടം ഒഴിഞ്ഞുകൊടുത്തില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ആശുപത്രി ഉടമയായ സഫ്രീനയുടെ തീരുമാനം.

Read Previous

കാലിച്ചന്തക്കാരൻ മുങ്ങി, ലക്ഷങ്ങളുടെ കടബാധ്യത

Read Next

യുപി സ്വദേശിക്കൊപ്പം വീടുവിട്ട ഭർതൃമതി തിരിച്ചെത്തി