ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹൈദരാബാദ്: നാല് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ സ്വകാര്യ സ്കൂൾ അടച്ചുപൂട്ടാൻ തെലങ്കാന സർക്കാർ ഉത്തരവിട്ടു. സ്കൂളിലെ പ്രധാനാധ്യാപകന്‍റെ ഡ്രൈവർ രണ്ട് മാസത്തോളം തുടർച്ചയായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഈ സ്കൂളിലെ വിദ്യാർത്ഥികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് തെലങ്കാന വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി ഉത്തരവിട്ടു.
700 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന തെലങ്കാനയിലെ ബഞ്ചാര ഹിൽസ് പ്രദേശത്തെ സ്വകാര്യ സ്കൂൾ അടച്ചുപൂട്ടാനാണ് ഉത്തരവിട്ടത്. സ്കൂളിലെ പ്രധാനാധ്യാപകന്‍റെ ഡ്രൈവറായ 34കാരൻ കഴിഞ്ഞ രണ്ട് മാസമായി നാല് വയസുകാരിയെ ബലാത്സംഗം ചെയ്തത് പുറത്തറിഞ്ഞതോടെയാണ് നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെക്കുറിച്ച് പ്രധാനാധ്യാപകന് പരാതി നൽകിയിരുന്നെങ്കിലും അദ്ദേഹം ചിരിച്ചുകൊണ്ട് അത് നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് പ്രധാനാധ്യാപകനെയും അറസ്റ്റ് ചെയ്തു.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തറിയുന്നത്. ഇതോടെ മാതാപിതാക്കൾ ഡ്രൈവറെ മർദ്ദിച്ചു. തുടർന്ന് ഇവർ ബഞ്ചാര ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവം അന്വേഷിച്ചപ്പോൾ സ്കൂളിലെ സിസിടിവി ക്യാമറകളെല്ലാം കേടായതായി പൊലീസ് കണ്ടെത്തി. സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗത്തിൽ ഒരു അധ്യാപകനെപ്പോലെ ഇയാൾ പലപ്പോഴും ഇടപെട്ടിരുന്നതായും പൊലീസ് കണ്ടെത്തി.





