നടൻ വിശാലിന്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം; അന്വേഷണം ആരംഭിച്ചു

ചെന്നൈ: ചെന്നൈ അണ്ണാ നഗറിലുള്ള നടൻ വിശാലിന്‍റെ വീടിന് നേരെ അജ്ഞാതർ ആക്രമണം നടത്തി. തിങ്കളാഴ്ച ഒരു സംഘം ആളുകൾ വിശാലിന്‍റെ വീടിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തിൽ ബാൽക്കണിയിലെ ഗ്ലാസ് തകരുകയും വീടിന് മറ്റ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മാനേജർ മുഖേന നടൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

തിങ്കളാഴ്ച രാത്രിയാണ് അക്രമികൾ വിശാലിന്‍റെ വീടിന് നേരെ കല്ലെറിഞ്ഞത്. മാതാപിതാക്കൾക്കൊപ്പമാണ് താരം ഇവിടെ താമസിക്കുന്നത്. ചുവന്ന കാറിൽ വന്ന ഒരു കൂട്ടം ആളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് നടൻ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും വിശാൽ പൊലീസിന് കൈമാറിയിട്ടുണ്ട്.

തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്‍റെ ജനറൽ സെക്രട്ടറി കൂടിയാണ് വിശാൽ. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും വിശാലും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്.

Read Previous

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

Read Next

എ കെ ജി സെന്റർ ആക്രമണം; ജിതിന് ജാമ്യമില്ല